മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോള്‍ 2025-26 സീസണ് കിരീടം ഉറപ്പിച്ച് കരുത്തരായ എഫ്സി ബയേണ്‍ മ്യൂണിക്. സീസണില്‍ നാല് മത്സരങ്ങള്ശേഷിക്കേയാണ് ബയേണ്‍ കിരീടം ഉറപ്പിച്ചത്. ബയേണിന്റെ 35-ാം ബുണ്ടസ് ലിഗ ട്രോഫിയാണ്, കഴിഞ്ഞ 14 സീസണിനിടെ 13-ാമതേത്തും.
ഹോം ഗ്രൗണ്ടില്‍ വിഎഫ്ബി സ്റ്റഡ്ഗഡിനെ 2-4നു കീഴടക്കിയതോടെയാണ് ബയേണ്‍ കിരീടം ഉറപ്പിച്ചത്. 30 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബയേണിന് 79 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ഡോര്‍ട്ട്മുണ്ടിന് 64 പോയിന്റ് മാത്രമാണുള്ളത്. ലീഗില്‍ ശേഷിക്കുന്ന നാലു മത്സരങ്ങളില്‍ ബയേണ്‍ പരാജയപ്പെട്ടാല്‍പോലും ഡോര്‍ട്ട്മുണ്ടിനു പരമാവധി 76 പോയിന്റില്‍ എത്താനേ സാധിക്കൂ.
സ്റ്റഡ്ഗഡിനെതിരേയും ഗോള്‍ നേടിയതോടെ ബയേണിന്റെ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ സീസണില്‍ 32 ഗോളിലെത്തി. ഒരു ബുണ്ടസ് ലിഗ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന സ്വന്തം റിക്കാര്‍ഡും ബയേണ്‍ മ്യൂണിക് ഇത്തവണ തിരുത്തി. 1971-72ല്‍ 101 ഗോള്‍ നേടിയതായിരുന്നു റിക്കാര്‍ഡ്. സീസണില്‍ നാലു മത്സരങ്ങള്ശേഷിക്കേ നിലവില്‍ 109 ഗോള്‍ ബയേണ്‍ നേടിക്കഴിഞ്ഞു.